റോം: പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വേർതിരിഞ്ഞുപോയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി എക്യുമെനിക്കൽ പ്രാർത്ഥന നടത്താൻ ബ്രിട്ടീഷ് രാജാവും മാർപാപ്പയും ഒരുങ്ങുന്നു. "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന നിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലി വർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഇംഗ്ലണ്ടിലെ സഭയുടെയും കത്തോലിക്ക സഭയുടെയും എക്യുമെനിക്കൽ പരിപാടി ഈ സന്ദർശന വേളയിൽ ആഘോഷിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം നേരത്തെ വ്യക്തമാക്കിയിരിന്നു.
ഈ ദിവസങ്ങളിൽ വത്തിക്കാനിലേക്കു സന്ദർശനം നടത്തുന്ന ബ്രിട്ടീഷ് രാജാവും രാജ്ഞിയും ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഒക്ടോബർ 23 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, സിസ്റ്റൈൻ ചാപ്പലിനുള്ളിൽ മൈക്കലാഞ്ചലോ വരച്ച ചിത്രത്തിന് താഴെയാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർത്ഥനയിൽ ചാൾസ് മൂന്നാമൻ രാജാവ് പങ്കെടുക്കുക. പ്രാർത്ഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകും. പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിതരായ വ്യക്തികളുമായും സംഘടനകളുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ്, രാജാവും രാജ്ഞിയും റോമൻ മതിലുകൾക്ക് പുറത്തുള്ള സെന്റ് പോൾ ബസിലിക്ക സന്ദർശിക്കും.
ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ വത്തിക്കാനിലേക്കുള്ള രാഷ്ട്ര സന്ദർശനങ്ങൾ സ്വകാര്യ സന്ദർശനങ്ങളേക്കാൾ ഔപചാരികമായ വിധത്തിലാണ് നിരീക്ഷിക്കപ്പെടാറുള്ളത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുൻപ് ഏപ്രിൽ 9ന് രാജാവും രാജ്ഞിയും വത്തിക്കാൻ സന്ദർശിച്ചിരിന്നു. ഫ്രാൻസിസ് പാപ്പ താമസിച്ചിരിന്ന കാസ സാന്തയിൽവെച്ചായിരിന്നു സ്വകാര്യ കൂടിക്കാഴ്ച ചാൾസിൻ്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പ ഇരുവരെയും ആശീർവദിച്ചതായും റിപ്പോർട്ടുണ്ടായിരിന്നു.
The Catholic Church and the Protestant Church are growing closer. The Pope and King Charles will hold ecumenical prayers together on October 23rd.




















